തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചത് ആരുടെ ഭരണകാലത്ത് എന്നതിനെച്ചൊല്ലി നിയമസഭയിൽ ഭരണ- പ്രതിപക്ഷ പോര്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ സ്തംഭനത്തിന് ഇടയാക്കിയത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ടിന്റെ മൂന്നാം ഗഡുവായ 2150 കോടി രൂപ നൽകാത്തതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
എന്നാൽ, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ടിലെ 1533 കോടി രൂപ ബജറ്റിൽ വെട്ടിക്കുറച്ചതാണു തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറാക്കാൻ കാരണമായതെന്ന് അടിയന്തര പ്രമേയ നോട്ടീസിലെ വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു.
തദ്ദേശസ്ഥാപനങ്ങളെ സാന്പത്തികമായി വരിഞ്ഞുമുറുക്കുന്ന സമീപനമാണു യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ജി.ആർ. അനിൽ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നത് ദൈനംദിന കാര്യങ്ങൾക്ക് പോലും തടസമാകുമെന്നും സ്പിൽ ഓവർ അനുവദിക്കുന്നില്ലെന്നും തനത് ഫണ്ട് വിനിയോഗിച്ചാൽ ജീവനക്കാർക്ക് ശന്പളം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടാവുമെന്നും ജി.ആർ. അനിൽ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ഡിസംബറിൽ നൽകേണ്ട മൂന്നാം ഗഡു നൽകാത്തതാണു പ്രവൃത്തികൾ സ്തംഭനത്തിലാകാൻ കാരണമെന്നും ഇടതു സർക്കാരിന്റെ പ്ലാനിലെ പാളിച്ചയാണു കാരണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
കഴിഞ്ഞ ബജറ്റിലെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 10,183 കോടിയുടെ പ്ലാൻ തുടർന്നെങ്കിൽ ഈ വർഷം 57 ശതമാനമായ 5750 കോടി കുറയ്ക്കേണ്ടി വരുമായിരുന്നു. പതിനാറാം ധനകാര്യ കമ്മീഷൻ ശിപാർശ പ്രകാരം റൂറൽ തദ്ദേശ സ്ഥാപന ഗ്രാന്റ് കുറവാണ്. പഞ്ചായത്തുകൾക്ക് 405 കോടിയും നഗരസഭകൾക്ക് 2145 കോടിയുമാണ് വകയിരുത്തിയത്. കേരളത്തിൽ 83 ശതമാനവും നഗര മേഖലയാണെന്ന തെറ്റായ കണക്കാണ് ധനകാര്യ കമ്മീഷന്റേത്. കേന്ദ്രവുമായി സംസാരിച്ച് ഇത് പരിഹരിക്കാൻ ശ്രമിക്കും. താത്കാലികമായി ഫണ്ട് വകയിരുത്തുന്പോൾ ജനസംഖ്യാനുപാതികമായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾക്കു പണം നൽകുമെന്നും സതീശൻ പറഞ്ഞു.
അതേസമയം, മൂന്നാം ഗഡു നൽകാതിരുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുണ്ടായിരുന്നതിനാലാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി ചോദിച്ചെങ്കിലും കിട്ടിയില്ല. സ്പിൽഓവർ തുക അനുവദിക്കാൻ പ്രത്യേകം വകയിരുത്തൽ ആവശ്യമില്ല. അധികഫണ്ട് അനുവദിച്ചാൽ മതി. കഴിഞ്ഞ സാന്പത്തികവർഷാവസാനം 6,000 കോടി നീക്കിയിരുപ്പുണ്ട്. അതിൽനിന്ന് സ്പിൽഓവറായി മൂന്നാം ഗഡു നൽകാം. ഇതിനുള്ള നടപടിയെടുക്കുമെന്ന് സർക്കാർ പറയുന്നില്ല. സർക്കാരിന്റെ നയം മൂലം തദ്ദേശ സ്ഥാപനങ്ങൾ സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മാറ്റം വരുത്താൻ തയാറാകാത്തതിൽ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
ഗുരുവായൂർ മാസ്റ്റർ പ്ലാൻ പുതുക്കും: മന്ത്രി
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വത്തിന്റെ വികസനത്തിനായി 16.5 ഏക്കർ സ്ഥലം ഉൾപ്പെടുത്തി പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ അടക്കം ഒൻപത് മാസത്തിനകം പൂർത്തിയാക്കാൻ ദേവസ്വം ബോർഡ് യോഗത്തിൽ നിർദേശം നൽകി. ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തും. ദേവസ്വത്തിന്റെ ഗോശാല മലപ്പുറത്താണുള്ളത്. 1300 പശുക്കളുണ്ട്. ഇതിൽ 28 പശുക്കൾക്കാണ് കറവയുള്ളത്. ഗോശാലയ്ക്കായി രണ്ടു തൊഴുത്തുകളും നിർമിക്കുമെന്ന് എൻ.കെ. അക്ബറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രവർത്തനങ്ങൾ
ശബരിമലയിലെ വരുമാനം കൊണ്ട്
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽ 1250 ക്ഷേത്രങ്ങളുണ്ടെന്നും എന്നാൽ, ശബരിമല ക്ഷേത്രത്തിലെ വരുമാനം കൊണ്ടാണു ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നതെന്നും മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു. ദേവസ്വം ബോർഡിന്റെ ആകെയുള്ള ചെലവ് ആകെ വരവിനെ അധികരിക്കാത്ത വിധത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാത്രികാല പോസ്റ്റ്മോർട്ടത്തിന് സൗകര്യമൊരുക്കും
സർക്കാർ മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്റ്റ്മോർട്ടത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്നും കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി മുരളീധരൻ അറിയിച്ചു. ഇതിനായി ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. സർക്കാരിന് അധിക സാന്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. നിലവിലെ ജീവനക്കാരെ ഉപയോഗിച്ച് 24 മണിക്കൂർ പോസ്റ്റ്മോർട്ടം സാധ്യമാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.